Wednesday, 30 December 2020
കവാടങ്ങളിലെ ഒച്ച
Sunday, 6 December 2020
Sunday, 29 November 2020
വിളർത്ത വനസ്ഥലികൾ
ദാഹിയായ്,
ഏകാകിയായ്,
എന്റെ തന്നെ രക്തം വലിച്ചൂറ്റി
അതിനു മുകളിൽ
നൃത്തം വെക്കുന്ന,
സൂചികൾ കൊണ്ട്
നെഞ്ച് കുത്തിക്കീറുന്ന എന്നെ
ചിത്തരോഗിയെന്ന് വിളിക്കൂ.
മനുഷ്യമാംസം
വെന്തു കത്തുന്നത്
ആസ്വദിക്കുന്ന എന്നെ
തികഞ്ഞ ഒരു മാനവിക വാദിയെന്ന്
വിളിക്കൂ.
ക്രൂര സങ്കൽപങ്ങളെ
സമാന്തരമായി അഭിരമിക്കുന്ന ഞാൻ
പരിപൂർണ്ണയായ
ഒരു പ്രണയിനി തന്നെയാണ് !
ചുവന്ന പട്ടുടുത്ത്
ഇടതൂർന്നവയെല്ലാം നനഞ്ഞൊട്ടി
അരണ്ട നാളത്തിൽ
വിയർത്തൊലിച്ച്,
അരക്കെട്ടിന് കുറുകെ
അനിശ്ചിതത്ത്വങ്ങളെ
കോർത്തു കെട്ടി,
യാഥാർത്ഥ്യങ്ങളെ ബന്ധനസ്ഥയാക്കുന്ന,
വിഷാദങ്ങളെ മാത്രം
ഗർഭം ധരിക്കുന്ന
എന്നെ നിങ്ങൾ ആരാധിക്കൂ.
ആരാധനകളിൽ മുങ്ങി
വിഷം തീണ്ടി
ഞാനൊന്ന് മരിക്കട്ടെ.
ഭ്രമം നിങ്ങൾക്ക് നേടിത്തന്നേക്കാവുന്ന
ഒഴിവു ദിവസങ്ങങ്ങളേറിയവയും
സമാധാനം വിധിക്കാത്ത
അകാലത്തിൽ മരിച്ച
ഉറപ്പുള്ള സുരക്ഷിതത്ത്വങ്ങളുടെ
അർദ്ധവിരാമങ്ങളാണ്.
വേരുകൾ പടരാതെ
നിങ്ങളെത്തന്നെ വരിഞ്ഞുമുറുക്കി
കൊലപാതകങ്ങൾക്ക്
പെരുമ്പറ കൊട്ടുകയാണ്.
നിങ്ങളെല്ലാം ഉപേക്ഷിക്കൂ.
വിവസ്ത്രരാകൂ.
യൗവ്വനത്തിൽ ത്രസിക്കാതെ
സൗന്ദര്യങ്ങളെ പൂജിച്ച്
ദേവദാരുക്കാടുകളിലേക്ക് ചേക്കേറൂ.
ഒരു ചിത്തരോഗാലയം
സ്വപ്നം കാണൂ.
നിങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയേക്കാവുന്ന
ആത്മരതികളെ
നട്ടും നനച്ചും വളർത്തൂ.
നിങ്ങളിൽ അസുര ഭാവങ്ങൾ നിറയട്ടെ.
ഒരിക്കലും പൂക്കാതെ
പിരിയുന്നവരുടെ
ആത്മാക്കൾ
പുനർജ്ജനികൾക്കായലയുന്ന ദേവദാരുക്കാട്ടുകളിലേക്ക്
നിങ്ങൾ നിങ്ങളെ പ്രതിഷ്ഠിക്കൂ.
ദാഹിച്ച് വലഞ്ഞ്
നിങ്ങളും ക്രൂരരാവട്ടെ.
മരണത്തിനു
പ്രണയത്തിന്റെ മുഖമാണെന്ന്
ഞാൻ പറയുന്നത്
ഒരു കള്ളമല്ലെന്ന്
നിങ്ങളും മനസ്സിലാക്കട്ടെ.
പഞ്ചഭൂതങ്ങൾ
നെറുകയിൽ തൊട്ട്
നിങ്ങളും പൗർണ്ണമിരാവിൽ
ഋതുഭേദങ്ങളണിയട്ടെ
ജീവിതമെന്ന് നിങ്ങൾ
തെറ്റിദ്ധരിച്ചു വെച്ചേക്കുന്ന ഒന്ന്,
വിരസതകളുടെ
പവിഴപ്പുറ്റ് മാത്രമാണ്.
വിലയിട്ട് നിങ്ങൾ
കൊണ്ടു നടക്കുന്നവയെല്ലാം
ഭാരം താങ്ങനാവാതെ
ഒരു ദിവസം പെയ്ത്
ഒന്നുമല്ലാതായി പോകും.
സ്വയം വേവുന്ന
മാംസക്കഷ്ണങ്ങളെ
നിങ്ങൾ വിട്ടേക്കൂ.
നമ്മൾ കണ്ടെത്തിയ
ചിത്തരോഗാലയത്തിലേക്ക്
വീണ്ടും എത്തപ്പെടാനെങ്കിലും
ചിറകുകളെ
പ്രിയസ്വരങ്ങൾ ചേർത്ത്തുന്നൂ.
നമ്മെ കാത്ത് നിൽക്കുന്ന
സൗന്ദര്യങ്ങളിലേക്ക്,
ഒരു മറുകിലേക്ക്,
ഗർഭസ്ഥബാംസുരികളിലേക്ക്
നമുക്ക് നടന്ന് നീങ്ങാം.
ഒരു തുള്ളി വിയർപ്പാറുന്ന
തണുപ്പിലേക്ക്
വ്യഥകളെല്ലാം ഇറക്കിവെക്കാം.
നമുക്ക് മരിച്ച് കിടക്കാം.
നമുക്ക് പുനർജ്ജനിക്കാം.
ഒരിക്കലെങ്കിലും
ഒരു തണലിലിരുന്ന്
ഒന്ന് ദീർഘമായി
ചുംബിക്കാം.
- ഹബീബ. കെ
Tuesday, 17 November 2020
മൃതിയുടെ ഇതിവൃത്തങ്ങൾ
ഒരായുസ്സ് കൊണ്ടെനിക്ക്
പറഞ്ഞ് തീർക്കാനാകാത്ത
ചിലതുണ്ട്.
കഥയായോ കവിതയായോ
എഴുതി നിറയ്ക്കാൻ
പറ്റാത്ത ഒന്നുണ്ട്.
അതായിരുന്നു ഞങ്ങളിരുവരും.
യുദ്ധവിമാനങ്ങളുടെ
നിലവിളികളിൽ പോലും
അവളുടെ കണ്ണിമകൾ
എനിക്കാശ്വാസമായിരുന്നു.
ആശ്വാസങ്ങളുടെ മരവിപ്പ്
ചുംബനങ്ങളാൽ ചൂടായി മാറിയിരുന്നു.
എല്ലാ പുലർവേളകളിലും
എന്നെ തണുപ്പിക്കുന്ന
ഒരു മാദകത്വം
അവളുടെ ഗന്ധത്തിൽ
തിങ്ങി നിറഞ്ഞിരുന്നു.
സ്നേഹത്താൽ നഗ്നമായ
മാറിടങ്ങളുടെ ഏറ്റക്കുറച്ചിലുകളിലും
ഞങ്ങളുടെ ചിന്ത പലതായിരുന്നു.
ലബ്നോന്റെ പൂക്കളെ പറ്റി
അവൾ പറഞ്ഞപ്പോൾ
വിദ്യാഭ്യാസ വ്യവസ്ഥയയെ പറ്റി
ഞാൻ വാ തോരാതെ സംസാരിച്ചു.
ആളുകൾ ഉറ്റവരായി
തെറ്റിദ്ധരിച്ചതൊന്നും
ഞങ്ങൾ ഗൗനിച്ചില്ല.
ഞങ്ങൾ എന്നും സല്ലാപങ്ങളിലായിരുന്നു.
അനുസരണയും ഭാവനയും
തമ്മിലുള്ള വൈരുദ്ധ്യത്തെപറ്റി
ഞങ്ങൾ വ്യാകുലപ്പെട്ടു.
ഭർത്താവിന്റെ വേർപാടിൽ
അവൾ വിതുമ്പിയപ്പോൾ
രതിയുടെ ഇന്ദ്രജാലങ്ങളെക്കുറിച്ച്
ഞാൻ പിറുപിറുത്തു.
ഹൃദയത്തിന്റെ ഭാഷയെക്കുറിച്ച്
അവൾ വർണിച്ചപ്പോൾ
സർപ്പദംശനങ്ങളുടെ
സമുദ്രാന്ധതയെ പറ്റി
ഞാൻ പുലമ്പിക്കൊണ്ടിരുന്നു..
ഗാഢമായ സ്നേഹത്തിന്റെ
ഉത്തമ രൂപത്തെ
ഞാനൊരിക്കലുമവൾക്ക്
കാണിച്ച് കൊടുത്തില്ല.
എല്ലാറ്റിനും പോന്നവളായിട്ടും
എന്നിലെ അരാജക പ്രണയം
കഴുവിലേറ്റപ്പെട്ട്,
കണ്ണുകൾ തുറിച്ച്,
എന്നെ തന്നെ നോക്കി നിന്നു.
അവളുടെ വിയർപ്പ്
പലരായി പങ്കിട്ടപ്പോൾ
എന്റെ വെമ്പലുകളെല്ലാം
ദുരന്ത ദാഹങ്ങൾക്കു വഴി മാറിയിരുന്നു.
കാലുകൾക്കിടയിലെ നീറ്റലിനെച്ചൊല്ലി
അവൾ കരഞ്ഞപ്പോൾ
എനിക്ക് കൂട്ടുനിൽക്കാൻ
ഒരു വാക്കു പോലും ഉണ്ടായില്ല!
എന്റെ നാക്കു ഛേദിക്കപ്പെട്ടിരുന്നു.
പിറവിയുടെ സന്നാഹങ്ങൾ
അവളിൽ നിറഞ്ഞപ്പോൾ
നിർജ്ജീവാവസ്ഥയുടെ രാസലീലകൾ
അവളെ മാലാഖയാക്കിയിരുന്നു.
അവളുടെ മൃതി
ഒരിക്കലുമെന്നെ വേട്ടയാടിയില്ല.
ഇരുളും പച്ചപ്പും നിറഞ്ഞ
മനസ്സിന്റെ ഒരു കോണിൽ
അവളും ഞാനും എന്നും
സല്ലപിച്ചു കൊണ്ടേയിരിക്കും.
മണ്ണിൽ ചേരാത്ത
എല്ലാറ്റിനോടും
അനാസക്തിയായിരുന്നു ഞങ്ങൾക്ക്,
പ്രണയത്തോടല്ലാതെ.
അകന്ന കഴിയാനാകാത്ത
രണ്ട് തുടയിടുക്കകൾ പോലെ
ഞങ്ങൾ പ്രണയബദ്ധിതരായിരുന്നു.
ഞങ്ങളിരുവരും കമിതാക്കളായിരുന്നു.
അവളും ഞാനും
കാമുകീ-കാമുകിമാരായിരുന്നു………