Tuesday, 29 September 2020

അടിവസ്ത്രങ്ങൾ


ഇരുട്ടിൽ പൂക്കുന്ന
ദുസ്വപ്നങ്ങളുടെ കുറുകെ,
പ്രണയങ്ങൾ ജനിച്ചു മരിക്കുന്ന
 കരിമ്പന നിഴലുകൾ കാണാം.
ഇടയ്ക്കിടക്ക്,
ഹാരപ്പയിലേയും 
മറ്റു ചിലപ്പോൾ
മോഹൻജെദൊരോയിലേയും
മഴമേഘങ്ങൾ കാണാം.
അവിടെ അവർ 
'തെറ്റുകൾ ' പറയും.
'ശരികൾ ' പറയും.
വേഗം മാഞ്ഞ് പോകുന്ന
ആധികൾ പറയും.
തിരശ്ശീലയ്ക്കുള്ളിൽ നിന്ന് കൊണ്ട് 
അടിവസ്ത്രങ്ങളെക്കുറിച്ച്
ചേഷ്ടയനക്കും.
ഒരേ സമയം
സ്നേഹവും കരുണയും
അവിടെ പറയപ്പെടും.
തടവറകളിലും കൊലമരങ്ങളിലും 
ആളുകൾ തിങ്ങിനിറയുമ്പോൾ പോലും!
വിചാരണകളിൽ പങ്കെടുക്കാതെ 
തുറന്നിട്ട ദേവാലയങ്ങൾക്കുള്ളിൽ
മൂർത്തികളും മിത്തുകളും 
ദു:സ്വപ്നങ്ങളിലാഴ്ന്നു പോകും.
അവിടെ,
വിചാരണ നടന്നുകൊണ്ടേയിരിക്കും. 
എല്ലാ അടിവസ്ത്രങ്ങളും
വിചാരണ ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും.
'ഞാൻ' ആരാണെന്ന്
അവർ പറയും.
'അവർ ' ആരാണെന്ന്
അവർ പറയും.
ഓരോന്നിനേയും 
ഇഴ തിരിക്കും.
എന്റെ വികാരങ്ങൾ,
ഒറ്റയാക്കപ്പെട്ട സ്നേഹവായ്പുകൾ
അവയെല്ലാം തന്നെ
കുമിളകൾ പോലെ പൊട്ടുകയും
വീണ്ടും പുനർ ജനിക്കുകയും ചെയ്തുകൊണ്ടേയിരിന്നു.
ഓരോ സ്വത്വങ്ങളെയും
വെറിയായി,
എന്റെ ഗർഭപാത്രത്തെ
" ഇല്ലാത്ത " ഒന്നായി
ഭ്രാന്തിന്റെ ഇരുണ്ട ഇടനാഴിയിലെ
വിപത്തായി പറഞ്ഞു.
എന്റെ 'മുലകൾ '
ഒരിക്കലും
ഒരു കുഞ്ഞിന്റെയും 
വിശപ്പടക്കില്ലെന്ന് പറഞ്ഞു.
ഭ്രഷ്ട് കൽപ്പിച്ചു.
സദാചാര കാമാഗ്നിയിൽ സ്വവർഗരതിക്കാരനോ-കാരിയോ
പോലുമാക്കാതെ
ചിലപ്പോൾ,
ചാപല്യങ്ങൾ മാത്രമായി
മുദ്രണം ചെയ്തു.
ഞാൻ അജ്ഞാത 
മനുഷ്യ സങ്കൽപത്തിലേക്ക്
തള്ളിയിടപ്പെട്ടു കൊണ്ടേയിരുന്നു.
എന്റെ അടിവസ്ത്രത്തെ മാത്രം
ചിലപ്പോൾ,
അടിവസ്ത്രത്തിനുള്ളിലോട്ട് മാത്രം
എല്ലാവരും നോക്കി കൊണ്ടേയിരുന്നു.
കുഴിച്ചുമൂടിയ
എല്ലാ അറിവുകളുടെയും 
പുലഭ്യങ്ങളുടേയും
ശവങ്ങൾ ചൂഴ്ന്നെടുത്തു കെണ്ടേയിരന്നു.
എന്റെ അടിവസ്ത്രം 
വീണ്ടും വിചാരണ ചെയ്യപ്പെടും 
വീണ്ടും തുറങ്കിലടക്കപ്പെടും.
ഭൂതവും ഭാവിയും ചേർന്ന്
എന്നെ വീണ്ടും 
ബലാത്സംഗം ചെയ്യും.
എന്റെ കണ്ണുനീർ
വൃത്തഭംഗം നടന്ന 
ഏതോ പുലയന്റെ 
വായ്ത്താരികൾ തന്നെയാണ്.
അവ ഉപമകളെയോ
അലങ്കാരങ്ങളെയോ
ചിലപ്പോൾ
അക്ഷരങ്ങളെ പോലും
മറക്കാൻ ശ്രമിച്ചു. 
അവ വെറും 
വിഷാദമായിരുന്നില്ല.
പല ബലികളുടെ 
ശുദ്ധികലശത്തിന്റെ
ആത്മനിന്ദയാണ്.
പരിണാമങ്ങളുടെ
മറവിയിൽ നിന്നും
പുക വമിച്ചു കണ്ടേയിരുന്നു.
സൃഷടികളുടെ വർണങ്ങൾ
മായുകയും
നിറം മങ്ങുകയും ചെയ്തു.
പലതും
നിർലോഭം ഹരിക്കപ്പെട്ടു.
അടിവസ്ത്രങ്ങൾ 
വീണ്ടും,
വീണ്ടും,
വീണ്ടും,
വിചാരണ ചെയ്യപ്പെടും 
ചെയ്യപ്പെട്ടു.
ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. 
                         - ഹബീബ-

Wednesday, 16 September 2020

ഉണർന്ന് മരിക്കുന്ന ഉറക്കങ്ങൾ


വെയിലുണ്ട്,
വെയിലിൽ നനവുണ്ട് ,
നനവ് പടർന്ന് ഒഴുകി ,
നദിയായ്,
കടലായ് ,
ഈ ലോകത്തെ വിഴുങ്ങി,
ആഴങ്ങളിൽ പരതി,
കണ്ണുകൾ കലങ്ങി ,
മുങ്ങി നിവർന്ന്,
നിവർന്ന് മുങ്ങി,
ശ്വാസം മുട്ടി,
ജീവനടക്കി,
ഉറങ്ങി,
ഉണർന്ന്...
ഉണർന്ന്,
ഉറങ്ങി,
ഞാൻ!
ഞാൻ തന്നെ....
സർവ്വവ്യാപിയായ ഞാൻ
എന്നിൽ നിന്ന് 
വീണ്ടും ചൂടുണ്ടോ,
വെയിലുണ്ടോ,
നനവുണ്ടോ,
ആഴങ്ങളുണ്ടോ,
അറിവില്ലായ്മകളുടെ,
അവിവേകങ്ങളുടെ
ഇനി സ്വബോധത്തിന്റെ?
.......
.........
.............
ഏതിന്റൊക്കെയോ പാപഭാരങ്ങളോ
വിഴുപ്പുഭാണ്ഡങ്ങളോ
.......
.......
ഇനി ഞാൻ തന്നെയോ?
സ്ഥിരം വിളിപ്പേരില്ലാത്ത
എന്റെ പ്രണയങ്ങളോ, അതോ സങ്കൽപങ്ങളോ?
.......
വീണ്ടും ആഴങ്ങളോ ... 
അതോ ഞാൻ തന്നെയോ?
വീണ്ടും
വെയിൽ 
നനവ്
പടർപ്പ്
ആഴങ്ങൾ
ഓളങ്ങൾ
ഗന്ധങ്ങൾ
ഉറക്കം
ഉണർവ്
ഞാൻ!
#ഹബീബ

Tuesday, 1 September 2020

ശബ്ദങ്ങൾക്ക്‌ ശബ്ദമില്ലാതാകുന്നത് നിങ്ങളുടെ വാക്കുകളുടെ അർത്ഥങ്ങൾ ചുരുങ്ങുമ്പോഴാണ്. 
വാക്കുകൾ പുനഃപരിശോധിക്കുക.
അവ നിങ്ങളെ മൂകരും ഏകരും അക്കിയോ എന്ന് നോക്കുക.
എന്തെന്നില്ലാത്ത ആത്മനിർവൃതിയിലും ആത്മനൊമ്പരങ്ങളിലും ആനന്ദിക്കുക. 
ഇടയ്ക്ക് ആർത്തും അടക്കിയും കരയുക.
ഇല്ലാതാവുക.

#ഹബീബ