Wednesday, 30 December 2020

കവാടങ്ങളിലെ ഒച്ച



പാളികളില്ലാത്ത ജനൽ പിളർപ്പിലൂടെ രാത്രിയുടെ ഭ്രാന്തുകൾ  നിഴലായും നിലാവായും വന്നിടത്ത് അവരിരുവരും ശൈശവാലിംഗന ബദ്ധരായ് കിടക്കുകയായിരുന്നു.രണ്ടു പേർക്ക് ഇതിലും മനോഹരമായി കിടക്കാൻ ലോകത്ത് സാധിക്കുകയില്ല എന്ന മട്ടിൽ, അതും ആസക്തമല്ലാത്ത ആസക്തികളോടെ.

"നിങ്ങൾ ഒരു സുന്ദരിയാണെന്ന് എത്ര പേർ പറഞ്ഞിട്ടുണ്ടാകും?" അയാൾക്ക് സംശയം.

"ആരും പറഞ്ഞിരുന്നില്ല." അവരുടെ കണ്ണുകളിൽ തളർച്ച മാത്രം. "ആരും പറയാൻ മാത്രം ഞാൻ സുന്ദരിയായിരുന്നില്ല.അതുമല്ലെങ്കൽ എന്റെ സൗന്ദര്യം അച്ഛമ്മ പറഞ്ഞിരുന്ന പോലെ രക്ഷസോള് കുടിച്ചിട്ടുണ്ടാകും"

"ആര് പറഞ്ഞു ഈ കള്ളങ്ങൾ?ആരാണ് നിന്നോട് നീ സുന്ദരിയാണെന്ന്  പറയാതിരുന്നത്.അവരെന്തു മാത്രം ക്രൂരാണെന്ന് ചിന്തിക്കുകയാണ് ഞാൻ"
അവർ വല്ലാതെ ചിരിച്ചു.

"എന്താ, എന്ത് പറ്റി. ഇതിൽ എന്താണിത്രക്ക് ചിരിക്കാനുള്ളത്?"

"എന്റെ സൗന്ദര്യത്തെപ്പറ്റി ഒരാൾക്കിത്ര ഉത്സാഹം  ചിരിച്ചതാണ്....." അവർ വീണ്ടും ചിരിക്കുന്നു."അല്ലെങ്കിലും എന്താണ് സൗന്ദര്യം എന്ന നിങ്ങൾ ആലോചിക്കാറില്ല?"

"സൗന്ദര്യമല്ല ലോകത്തുള്ളത്.. സൗന്ദര്യങ്ങളാണ്.നിന്റെ സൗന്ദര്യം പോലും സൗന്ദര്യങ്ങളുടെ കൂട്ടമായ അനുഭവമാണ്"

"ആഹാ....എങ്കിൽ എന്നെ കുറിച് പറയൂ.. നിങ്ങൽ ബുദ്ധിജീവികളുടെ ഭാഷയിൽ ഞാനൊന്ന് കേൾക്കട്ടെ.."

"ഞാൻ പറഞ്ഞതിനു ശേഷം എന്നെ ഒരു നുണയാനും കൂടിയായി ചിത്രീകരിക്കരുത് നിങ്ങൾ "

"ഇല്ലില്ല... ഇല്ലേയില്ല...." വീണ്ടും അവർ ചിരിക്കുന്നു.

"ചന്ദനത്തിന്റെയും ചെമ്പകത്തിന്റെയും മനുഷ്യനെ മത്തുപിടിപ്പിക്കുകയും ചെയ്യുന്ന ഗന്ധമുള്ള കണ്ണുകളിൽ മയക്കമുള്ള ഈ പാതിരാവിലും കിലുകിലുങ്ങണ വശീകരണ ചിരിയുള്ള രണ്ടു സുന്ദരങ്ങളായ വലുപ്പച്ചെറുപ്പമുള്ള സ്തനങ്ങളുള്ള വിയർത്തൊലിക്കുമ്പോൾ വശ്യതയുണർത്തുന്ന ഇടുപ്പഴകുള്ള ഇതിനെല്ലാമപ്പുറത്തേക്ക് ഉന്മാദത്തിലേക്കെന്നെ തള്ളിയിടുന്ന മുടിയിഴകളുള്ള, എന്റെ പൂർവ ജന്മങ്ങളിലെ മരണ നെയ്തിരികളെപ്പോലും ആനന്ദത്തിലാക്കുന്ന ദൈവസൃഷ്ടികളിലെ ഞാൻ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നമാണ് നീ."

"കൊള്ളാം" അവർ വീണ്ടും ചിരിച്ചു. അയാളെ ചുംബിച്ചു. "കള്ളങ്ങൾ കേൾക്കാൻ രസാണ്."

"ഞാൻ പറഞ്ഞതല്ലേ നിങ്ങളിത് പറയുമെന്ന്."

"സത്യം പറ."അയാൾ കൈകൾ കൊണ്ട് അവരെ കെട്ടിപ്പിടിച്ചു. "നീ വല്ല എഴുത്തുകാരിയും ആയിരുന്നോ?".
"നിങ്ങൾക്ക് എന്താ വട്ടായിപോയോ?" അവൾ ചരിഞ്ഞു കിടന്നു."പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത ഞാനാ ....  അതും എഴുത്തുകാരി....."

"അതെന്താ പത്താം ക്ലാസ് വരെ പോയവർക്ക് എഴുത്തും വായനേം വശം ഇല്ലാണ്ടാകും എന്ന ഒന്നുണ്ടോ?" അയാൾ തുടർന്നു - "സത്യമായിട്ടും.. നിന്റെ പക്കൽ നല്ല വാക്കുകളുണ്ട്.. ചിലപ്പോൾ വാക്കുകളുടെ ഊരാക്കുടുക്കലുകളും."

"പ്രേമം മൂക്കുമ്പോ നിങ്ങളെപോലെ ഉള്ള ആണുങ്ങൾക്ക് ഇങ്ങനെ പലതും തോന്നും."

"ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്.. നിങ്ങൾക്ക് എല്ലാറ്റിലും മുൻ മുൻവിധിയാണ്" അയാൾ വല്ലാണ്ട് ധൃതി കൊണ്ട് "നിങ്ങളുടെ കഴിവുകളും നിങ്ങളും ഈ തെരുവിൽ ഒതുങ്ങി കൂടേണ്ടതല്ല"

"ഞാൻ അങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കാറില്ല" അവർ പൊടുന്നനെ കൂട്ടിച്ചേർത്തു. മുൻപെങ്ങോ ഉണ്ടാക്കി വെച്ച ഒരു കൂട്ട് ചേർക്കുന്ന പോലെ. 

"നിങ്ങൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടണ്ടേ?" അയാൾ അസ്വസ്ഥതയോടെ അവരെ നോക്കി.

"ഇവിടെ നിന്ന് രക്ഷയില്ല.. അല്ലെങ്കിൽ ഇതെന്റെ രക്ഷാ കേന്ദ്രമാണ്."അവരങ്ങനെ പറയുകയായിരുന്നു. "പലതും നിങ്ങളോട് പറയാൻ പറ്റില്ല .. പലതും നിങ്ങൾക്ക് മനസ്സിലാകില്ല."

"എന്നോട് എന്തിനാണ് നിങ്ങൾ പറയുന്നത്?..... നിങ്ങളോടൊപ്പം നിങ്ങളെ ചിന്തകളെ ഞാൻ അനുഭവിക്കാം."

"അനുഭവിക്കരുത്!" അവരുടെ സ്വരം ഉച്ചത്തിൽ  ആയിരുന്നു." അവ അനുഭവിച്ച ഒരാളും ജീവിച്ചിരിപ്പില്ല"

"നിങ്ങളെന്തൊക്കെയാണ് പുലമ്പുന്നത്.. നിനക്കെന്തു പറ്റി... നിങ്ങളിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.. എനിക്ക് നിങ്ങളെ പോലെ  ആയിക്കൂടെ.. "

"തെറ്റി! ഞാൻ ജീവിച്ചിരിപ്പില്ല .. ഞാനെന്റെ 19 ആം വയസിൽ ഒരു 60 കാരന്റെ ജീര്ണതയാൽ മരിച്ചതാണ്."അവർ തുടർന്നു . "പിന്നീട് എന്റെ ജഡം പോലും എനിക്ക് ലഭിച്ചിട്ടില്ല"

"നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്? ഞാനിത് വരെ അനുഭവിക്കാത്ത തരത്തിൽ എന്നെ സ്നേഹിച്ച നിങ്ങളിങ്ങനെ പറയരുത്... നിങ്ങളെന്നെ വിഷമത്തിലാക്കരുത്."


"അതൊക്കെ പോട്ടെ" അവർ എണീറ്റു.  അവരുടെ മുടി കിടക്കുന്നതിലേക്ക് തന്നെ അയാൾ നോക്കി കൊണ്ടിരുന്നു."നിങ്ങൾ പോലീസാണോ?"

അയാൾ ചിരിച്ചു "ആണെങ്കിൽ ?"

"ആണെങ്കിൽ ഒന്നുമില്ല" അവരും ചിരിച്ചു 

"എന്താ പൊലീസുകാരെ നിങ്ങളിത് വരെ കണ്ടിട്ടില്ലേ?"

"ഉണ്ടല്ലോ" അവർ തുടർന്നു. "ഞാൻ പോലീസിലാണെന്ന് പറഞ്ഞ് തുടങ്ങുന്നവരാണ് കൂടുതലും... പൈസ തരാത്തവർ... മദ്യം മാത്രം മണക്കുന്നവർ.. ഇത് പോലൊരു സ്നേഹം പൊതിഞ്ഞ ദുർബലനായ പോലീസുകാരൻ ആദ്യമായിട്ടാ ".

"ഞാനത്ര  ദുർബലനൊന്നുമല്ല കേട്ടോ " അയാൾ ചിരിച്ചു.

" എന്നാൽ ഞാനൊരു സത്യം പറയട്ടെ." അയാൾ ചോദിച്ചു..... അവർ അതേയെന്ന് തലയാട്ടി.

"ഞാൻ പോലീസിലല്ല .. ഒരു രഹസ്യാന്വേഷണ ഏജന്റ്  ആണ്." അവർ അയാളെ സൂക്ഷിച്ചു നോക്കി.

"അതെ ... ഒരു ആവശ്യത്തിന് വേണ്ടി വന്നതാണ്"

"രഹസ്യാന്വേഷണമൊക്കെ ഇതാദ്യം ആണ്"അവൾ വീടും ചിരിച്ചു കൊണ്ട് പറഞ്ഞു. 

"എന്നിട്ട് രഹസ്യങ്ങളൊക്കെ കിട്ടിയോ?"

"ഏറെക്കുറെ"

"എനിക്കറിയാൻ പറ്റുമോ ആ രഹസ്യങ്ങളൊക്കെ?" അവർ തുടർന്നു." അല്ലേൽ വേണ്ട.. എന്റെ കൂടെ രഹസ്യങ്ങളൊക്കെ നിലനിൽക്കാൻ പാടാണ്,"

"ഒരു ജാരയെ കിട്ടാൻ ഉണ്ട്" അയാൾ ചിരിച്ചു 

"ജാരയെ തേടി തേടി ഇടക്ക് ഇവിടെ വന്നത് നന്നായി."അവർ മുടി ഒതുക്കി കെട്ടി.. "എനിക്കിങ്ങനെ സ്നേഹിക്കാൻ ഒരാളായി"

"നിങ്ങൾക്ക് വിഷമം ആകില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ?"

"പറഞ്ഞോളൂ."

"ഞാൻ നാളെ നാട്ടിൽ പോകും.. ഇനിയെന്നാണെന്ന് അറിയില്ല ."

അവരുടെ മുഖത്ത് സങ്കടം നിഴലിച്ചെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നില്ല.അവർ ഒന്നും മിണ്ടിയില്ല. മാറി നിന്ന് സാരി ഉടുക്കാൻ തുടങ്ങി.അയാൾ അവരുടെ അടുത്തേക്ക് നടന്നു.

"നിങ്ങൾ വരുന്നുണ്ടോ?"

"എങ്ങോട്ട്?"

"എങ്ങോട്ടെങ്കിലും... എന്റെ കൂടെ.." അയാളിൽ നിസ്സഹായത മാത്രം 

"എനിക്ക് പറ്റില്ല" അവരൊന്നും തോന്നാത്ത മട്ടിൽ."നിങ്ങൾക്കിനിയും വരാമല്ലോ, ഞാൻ ഇവിടെ തന്നെ കാണും."

അയാൾ തന്റെ പേഴ്സും കോട്ടും എടുത്തിട്ടു.

"നല്ല തണുപ്പാണ്, രാവിലെ പോകാം." 

"ഇല്ല..  മൂന്നു മണിക്ക് ട്രെയിനുണ്ട്." 

അവരൊന്നും മിണ്ടിയില്ല. അയാൾ നടന്നു. വാതിൽക്കൽ വെച്ച് നിന്നു. പോക്കറ്റിൽ നിന്ന് തോക്കെടുത്തു. അവരുടെ നേർക്ക് പിടിച്ചതും അയാളുടെ തലയിലൂടെ വെടിയുണ്ട പോയതും ഒരുമിച്ചായിരുന്നു. അതി ശൈത്യത്തിലും അവർക്ക് ചൂടും തണുപ്പും ഒരേ സമയം ശരീരത്തിലൂടെ പാഞ്ഞു.


Habeeba

Sunday, 6 December 2020

നിങ്ങൾക്ക് നിങ്ങളോട് സംസരിക്കാനാകാതിരിക്കുക...
നിങ്ങൾ ചിന്തിക്കുന്നത് പോലും ചിന്തിച്ച് കിട്ടാതിരിക്കുക....
നിങ്ങൾക്ക് നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റാതിരിക്കുക..
നിങ്ങൾ ഹൃദയം നുറുങ്ങുന്ന ശബ്ദം കേൾക്കുക..
ഇവയെല്ലാം അനുഭവിക്കുകയും എഴുതുകയും ചെയ്യുമ്പോൾ ഒരു തരം വേദന നിങ്ങളെ പിന്തുടരുക...
ആർക്കും കാണാൻ സാധിക്കാത്ത നിറങ്ങൾ, ആളുകളെ നിങ്ങൾ നിർവചിക്കുക...
ഒരുപാട് സ്നേഹങ്ങളുടെ ഇടയിൽ ഒറ്റപ്പെടുക...
എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റത്തിരിക്കുക...
ചൂടും തണുപ്പും ഒരേ സമയം അനുഭവപ്പെടുക...
ചിന്തിക്കുക.
ചിന്തയിൽ ചിന്തിക്കാതിരിക്കുക.....