നിങ്ങൾ ഒരു പൂവിറുക്കുക.
തലയിൽ ചൂടാനോ,
കാമുകനോ കാമുകിക്കോ നൽകാനോ,
ഒരു പൂജയ്‌ക്കോ,
നിങ്ങളുടെ കല്ലറയുടെ മുകളിൽ വെക്കാനോ,
അങ്ങനെ സുന്ദരങ്ങളായ
സ്വപ്നങ്ങൾക്ക് വേണ്ടി ഒരു പൂവിറുക്കുക.
അത് കൈപ്പിടിയിൽ ഒതുങ്ങിന്നില്ലെന്ന്
മനസ്സിലാക്കുന്ന നിമിഷം
വളരെ സമർത്ഥമായി
ആ ചെടിയുടെ ഒരു അരികിൽ,
ചെടി പോലുമറിയാതെ,
ആ പൂ ചേർത്ത് വെക്കുക.
അത് വീഴില്ലെന്ന് ഉറപ്പു വരുത്തുക.
എന്നിട്ട് മറ്റൊരു പൂവിറുക്കുക.
കുറച്ച കൂടി കൈപിടിയിലമരുന്നത്.
അറ്റം വലുതാക്കി പറിച്ചെടുക്കുക.
അവ കൊണ്ട് നിങ്ങൾ നടക്കുക.
കുന്നുകൾ താണ്ടി,
പറന്ന് പറന്ന്,
ഉയരങ്ങളിലെത്തുമ്പോൾ
അവയുടെ പൂമ്പൊടികൾ
ഞെരിച്ചെടുത്ത് കളയുക.
ശേഷം, ഓരോ ഇതളികൾ
പറിച്ചെടുത്ത് താഴേക്കിടുക.
അവയെല്ലാം പതിക്കുന്നിടം
ആനന്ദത്തോടെ നോക്കിക്കാണുക.
ചില ഇതളുകൾ
പാതി മുറിയുമ്പോൾ
അവയുടെ വൽക്കഷ്ണങ്ങൾ
എവിടെ ചെന്ന് പതിക്കുന്നുവെന്ന്
ആകാംക്ഷയോടെ നോക്കുക.
അവസാന ഇതളും
ഉതിരുന്നിടത്ത്
നിങ്ങൾ ബാക്കി വരുന്നതെന്തും
ആഴങ്ങളിലേക്ക് വലിച്ചെറിയുക.
നിങ്ങൾ വിങ്ങുക!
ഇത്തരം അനേകം
അർത്ഥമില്ലാത്ത വരികൾക്ക്
നിങ്ങൾ ഭൂമിയാവുക.
മണമില്ലാത്ത മനുഷ്യരാവുക.
ഹബീബ