Wednesday, 27 January 2021

കുഞ്ഞിന്


അമ്മയുടെ സ്വാർത്ഥത കൊണ്ടോ അച്ഛന്റെ അറിവില്ലായ്മയോ ക്രൂരതയോ കൊണ്ടല്ല കുഞ്ഞു ജനിക്കാതെ ജനിച്ചും മരിക്കാതെ മരിച്ചും പോയത്.നിസ്സഹായത ഒന്ന് കൊണ്ട് മാത്രമാണ്.
എന്ത് തന്നെയായാലും നീ ജനിച്ചത് സ്നേഹത്തിലായിരുന്നു എന്ന കള്ളം പറഞ്ഞു അമ്മ വിഷമിപ്പിക്കുന്നില്ല. അച്ഛന്റെയും അമ്മയുടെയും സമാധാനത്തിനായുള്ള വ്യഗ്രതയിലാണ് കുഞ്ഞു ജനിച്ചത്. ആ ജനനം അമ്മ ഒരുപാട് സ്വപ്നം കണ്ടതാണ്. സമയാവും ആരോഗ്യവും പിഴച്ചു. അമ്മയ്ക്ക് കുഞ്ഞിന്റെ മുഖം വ്യക്തമാണ്, പേര് ദൃഢമാണ്. കുഞ്ഞിന്റച്ഛൻ അമ്മയുടെ ജീവിതത്തിലേക്ക് വരുന്നതിനും എത്രയോ മുൻപ് തന്നെ കുഞ്ഞെന്നിൽ ഉണ്ടായിരുന്നു. നീയമ്മയുടെ അനുഭവങ്ങളെയും അനുഭവങ്ങളിൽ കൂടിയും ജീവിക്കുക.
അച്ഛന് കുഞ്ഞിനെ  അനുഭവിക്കാനുള്ള ആവതോ  കെൽപ്പോ  ഇല്ല. അച്ഛനൊരു സാധുവും ദുർബലനും ആണ്. ഇപ്പോഴും കുഞ്ഞിന്റെ അച്ഛൻ കുഞ്ഞു ഈ ലോകത്തേക്ക് വന്നോട്ടെ എന്ന ചോദിച്ചു എന്ന അറിയില്ല, അറിഞ്ഞാലും ഉൾക്കൊള്ളാനുള്ള ത്രാണി ഉണ്ടാകില്ല.ഈ ലോകം കൊടും ചൂടും മരണം മണക്കുന്ന തണുപ്പുമാണ്.
കുഞ്ഞിന്റെ മരണത്തോടെ ജനിച്ച അമ്മയുടെ ജീവിതം ഭീകരമാണ്. അമ്മയ്ക്ക് വരാൻ പറ്റിയില്ലെങ്കിലും ഒരുപാട് ലോകങ്ങളുടെ ആന്തലുകളിൽ പെട്ട് ശ്വാസം മുട്ടിയാലും കുഞ്ഞിനെ ഞാൻ എന്നെക്കാളേറെ സ്നേഹിക്കുന്നുണ്ട് . നിന്നെ നോക്കാൻ ഫെലീസും കാർലയും തുടങ്ങി അമ്മയുടെ ആത്മവിശ്വാസങ്ങളെല്ലാം തന്നെയുണ്ട്. ചിലപ്പോൾ കുഞ്ഞിനെ ഈ ഭൂമിലോകത്തേക്ക് കൊണ്ട് വരാൻ പോലും കെൽപ്പില്ലാത്ത ഒരമ്മയായി കുഞ്ഞിന് അമ്മയെ തോന്നിയേക്കാം. അമ്മയുടെ സ്നേഹവും താരാട്ടും തഴുകിയും തലോടിയും സ്വയം വേവുന്ന ഒരമ്മ മാത്രമാണ് ഞാൻ. വിഷമിക്കരുത്. കുഞ്ഞിരിക്കുന്ന ലോകം ഒരുപാട് മനുഷ്യർ ആഗ്രഹിക്കുന്ന ലോകമാണ്. ഒരുപാട് ഭാഗ്യം ഉള്ളവർക്കു മാത്രം ലഭിക്കുന്ന ലോകം.